Thursday, January 13, 2011

അറിയാതെ പോയത്....പറയാതെയും...

ഒരു കള്ള കര്‍ക്കിടകത്തിന്റെ അവസാനത്തിലെ ഒരു പെരുമഴയില്‍ ആണ് എനിക്ക് അവനെ നഷ്ടപ്പെട്ടത്.... മഴയില്‍ അവനും അവന്റെ വാക്കുകളും എന്നില്‍ നിന്ന് അകന്നു പോകുന്നത് ഞാന്‍ കണ്ടു...മഴയില്‍ എന്‍റെ കണ്ണുനീര്‍ അവന്‍ കണ്ടു കാണില്ല..അല്ലെങ്കില്‍ കണ്ടില്ല എന്ന് നടിച്ചതുമാകാം....എന്‍റെ കണ്ണുകള്‍ നിറയുന്നത് കാണാന്‍ ഒരിക്കലും അവന്‍ ആഗ്രഹിച്ചിരുന്നില്ലല്ലോ.... എന്നെ ഒരിക്കലും കരയിപ്പിക്കാതെ ഇരിക്കാനാണല്ലോ ആ മഴയില്‍ എന്നെ തനിച്ചാക്കി അവന്‍ പോയ്‌ മറഞ്ഞത്....എനിക്ക് നഷ്ടപ്പെട്ടത് എന്താണെന്ന് ഇന്ന് ഞാന്‍ അറിയുന്നു...മഴയുടെ നേര്‍ത്ത രാഗമുള്ള ചില രാത്രികളില്‍ ഏകാന്തത ക്രൂരമായി എന്നെ നോവിക്കുമ്പോള്‍ അവന്റെ വാക്കുകള്‍ എന്‍റെ മനസ്സിന് സാന്ത്വനം ആകാറുണ്ട്...ചെറിയ കാര്യങ്ങള്‍ക്ക് കരയുമ്പോള്‍ "പോടീ പെണ്ണെ ഇതാണോ ലോകാവസാനം" എന്ന് ചോദിക്കുന്ന അവന്റെ ശബ്ദം എന്‍റെ മനസ്സിലേക്ക് ഓടിയെത്താരുണ്ട്....മനപൂര്‍വം മറക്കാന്‍ ശ്രമിച്ചാലും മറവിയിലേക്ക് പോകാന്‍ മടിച്ചു ഇന്നും എന്‍റെ മനസ്സിന്റെ ഇടനാഴികളില്‍ കൂടി എന്‍റെ കൈകോര്‍ത്തു പിടിച്ചു നടക്കാന്‍ ചിലപ്പോഴൊക്കെ അവന്‍ വരാറുണ്ട്.... അവന്റെ ഉള്ളം കയ്യിലെ തണുപ്പ് അറിഞ്ഞു കൊണ്ട് കൈ കോര്‍ത്ത്‌ പിടിച്ച ചില നാളുകള്‍ മനസ്സിലേക്ക് എത്താറുണ്ട്.....എന്നും അവനെ അറിഞ്ഞിരുന്നു എന്ന് ഞാന്‍ അഹങ്കരിച്ചിരുന്നു.... പക്ഷെ എന്‍റെ അറിവുകള്‍ക്കും അപ്പുറമായിരുന്നു എന്നും അവന്‍.....എന്‍റെ തണലില്‍ നിന്നും അവന്‍ ഓടി മറഞ്ഞത് എവിടേക്ക് ആണെന്ന് എനിക്കിന്നും അറിയില്ല....എവിടെയെങ്കിലും സ്വസ്ഥമായി ഉണ്ടാകും....എന്നില്‍ നിന്നും അവനിലേക്കുള്ള ദൂരം അളക്കാന്‍ എനിക്ക് ഒരിക്കലും കഴിഞ്ഞില്ല എന്ന് ഇപ്പോള്‍ മനസ്സിലാവുന്നു....വൈകിയെത്തിയ ആ തിരിച്ചറിവുകള്‍ കൊണ്ട് ഒരു ഇരുള്‍ കൂട് കെട്ടി അതിലേക്കു ഒതുങ്ങുകയാണ് ഞാന്‍ ഇപ്പോള്‍....

എനിക്ക് വേണ്ടി നീ നല്‍കാതെ പോയ പ്രണയത്തിനായി ഞാന്‍ ഇത് ഇവിടെ കുറിക്കുന്നു....നീ എന്ന സമുദ്രത്തിലേക്ക് ഒഴുകി ചേരാന്‍ ഭാഗ്യം ഉണ്ടാകുന്ന ഒരു നദിയായി അടുത്ത ജന്മത്തിലേക്കു വേണ്ടി ഞാന്‍ കാത്തിരിക്കുന്നു......എന്‍റെ നന്മക്കായി എന്ന് പറഞ്ഞു നീ എന്നെ കൊത്തി അകറ്റിയിട്ടും നിന്റെ ഓര്‍മകളുടെ സുഗന്ധത്തില്‍ എന്‍റെ ഇരുള്‍ കൂട്ടില്‍ ഞാന്‍ കഴിയുന്നു.....

Monday, September 27, 2010

................????

എന്‍റെ കണ്ണുകളിലേക്കു നോക്കിയിരിക്കുമ്പോള്‍ വിടരാറുള്ള നിന്‍റെ ചിരി ഇന്ന് എവിടെ പോയി....??
നിന്‍റെ കണ്ണുകളില്‍ കാണുന്ന ആ വെളിച്ചം...എനിക്ക് നേര്‍വഴി കാട്ടി തന്ന ആ പൊന്‍ വെളിച്ചം ഇന്ന് എവിടെ പോയി....??
നീ എന്നും പറയുമ്പോലെ സ്നേഹിക്കാന്‍ അറിയാത്തവരെ സ്നേഹിച്ചു സ്നേഹിച്ചു ജ്വാലയായി തീര്‍ന്ന നിന്‍റെ കണ്ണുനീര്‍ ഇന്ന് എന്‍റെ മനസ്സിനെ ചുട്ടു പോള്ളിക്കുകയാണ്...
നിന്‍റെ സ്നേഹം അറിയാനും നിന്‍റെ സ്നേഹത്തെ ഉപാധികള്‍ ഇല്ലാതെ സ്നേഹിക്കാനും...ഒടുവില്‍ നിന്‍റെ സ്നേഹത്തിന്‍റെ ജ്വാലയില്‍ കത്തി എരിഞ്ഞു നിന്നിലേക്ക്‌ അലിഞ്ഞു ചേരാനും ഈ ലോകത്തില്‍ ആരെങ്കിലും ഉണ്ടാകില്ലേ....?
കാണണം...കാരണം നിനക്ക് മനസ്സിലാകാത്ത...നിന്നോടുള്ള തീവ്രമായ പ്രണയം മനസ്സില്‍ സൂക്ഷിച്ചു ഒരിക്കലും പ്രകടിപ്പിക്കാന്‍ അറിയാതെ പരാജയപ്പെട്ടു പോയ ഞാന്‍ നിനക്കായി ദൈവത്തോട് അപേക്ഷിക്കുന്നില്ലേ???
നിന്നോടുള്ള എന്‍റെ പ്രണയം നിനക്ക് കാണാന്‍ കഴിഞ്ഞില്ലെങ്കിലും ദൈവത്തിനു കാണാതിരിക്കാന്‍ കഴിയുമോ??....നിന്‍റെ സ്നേഹം അറിയാന്‍ ഒരാള്‍ വരും....അന്ന് ഞാന്‍ പോകും...എനിക്കായി നീ തന്ന ആ നിധിയുമായി....ദൂരേക്ക്‌....നിന്‍റെ ചിന്തകള്‍ക്കോ വാക്കുകള്‍ക്കോ ഒരിക്കലും പ്രവേശനം ഇല്ലാത്ത ഒരിടത്തേക്ക്....പിന്‍വിളിക്ക് കാതോര്‍ക്കാതെ...........

Saturday, July 17, 2010

ഒരു ചെറിയ ആമുഖം....

എന്തായാലും ഒരു ബ്ലോഗ്‌ ഞാന്‍ നിര്‍മ്മിച്ചു...അപ്പോള്‍ അതിലേക്കു എന്തെങ്കിലും ഒന്ന് എഴുതണമല്ലോ...ആരു വായിച്ചാലും ഇല്ലെങ്കിലും ഞാന്‍ എനിക്ക് തോന്നിയതെല്ലാം ഇതില്‍ എഴുതാം എന്ന് വിചാരിക്കുന്നു...ബ്ലോഗില്‍ എഴുതാന്‍ പോകുന്നു എന്ന് പറയുമ്പോള്‍ കഥകള്‍ അല്ല...കഥ എഴുതാന്‍ എനിക്ക് അറിയില്ല...ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ഞാന്‍ കണ്ടതും കേട്ടതും ആയ കാര്യങ്ങള്‍, എന്‍റെ അനുഭവങ്ങള്‍.. അങ്ങനെ എനിക്കറിവുള്ള കാര്യങ്ങള്‍ എല്ലാം ആണ് ഞാന്‍ ഇതിലേക്ക് എഴുതാന്‍ പോകുന്നത്...അതല്ലാതെ വേറെ ഒന്നും എനിക്കറിയില്ല....ഇനിയുള്ള ദിവസങ്ങളില്‍ എന്‍റെ ഓര്‍മ്മകള്‍ പങ്കു വെക്കാന്‍ ആയി നമുക്ക് കാണാം...

ഭ്രാന്ത്...


ഈ ബ്ലോഗിന്‍റെ ആവശ്യം സത്യത്തില്‍ ഉണ്ടോ എന്ന് തന്നെ എനിക്കറിയില്ല...വെറുതെ ഇരുന്നപ്പോള്‍ ഒരു ആഗ്രഹം..എല്ലാര്‍ക്കും ബ്ലോഗ് ഉണ്ടല്ലോ..അപ്പോള്‍ പിന്നെ എനിക്കും ഒന്ന് ആകാല്ലോ എന്ന്...ഒരു നല്ല കാര്യം തുടങ്ങുന്നതിനു മുന്‍പേ മുതിര്‍ന്നവരോട് അനുവാദവും അനുഗ്രഹവും മേടിക്കണം എന്നൊരു വിശ്വാസം ഉണ്ടല്ലോ...അതിനു പോലും എനിക്ക് സമയം കിട്ടീല്ല...ഇനി എന്തായാലും പിന്നീടാവട്ടെ അനുഗ്രഹവും മറ്റെല്ലാം...എന്‍റെ ഈ സാഹസം നിങ്ങള്‍ വായിച്ചു എന്നെ അനുഗ്രഹിക്കു...